
- അനിമേഷന്‍ അത്ഭുതലോകം
കണ്ണന്‍ ഷണ്‍മുഖം -
കൂട്ടുകാരുടെ ഭാവനയെ ആകാശത്തോളമുയര്‍ത്താന്‍ പോന്ന സര്‍ഗപ്രവര്‍ത്തനമാണ് അനിമേഷന്‍ . നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. വിവിധതലങ്ങളിലായി അനിമേഷന്‍ പരിശീലനങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അനിമേഷന്റെ പ്രത്യേകതകളെക്കുറിച്ച് വായിക്കൂ.... കൂട്ടുകാര്‍ കാര്‍ട്ടൂണ്‍ സിനിമകള്‍ കാണാറില്ലേ.അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് അനിമേഷന്‍ . ചലിക്കുന്നതായി തോന്നിപ്പിക്കാന്‍ വേണ്ടി ചിത്രങ്ങളുടെ തുടര്‍ച്ചയായും വേഗത്തിലുമുള്ള പ്രദര്‍ശനമാണ് അനിമേഷനിലൂടെ നടത്തുന്നത്. ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്‍പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണില്‍ തങ്ങി നില്‍ക്കും. നിരന്തരം ചിത്രങ്ങള്‍ നമ്മുടെ കണ്ണിനു മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അത് ചലിക്കുന്നതായി തോന്നും. ഒരു സെക്കന്റില്‍ 12- 24 തവണ ചിത്രങ്ങള്‍ മാറുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നത്. ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ സിനിമയുടെ വേഗം ക്രമീകരിക്കാം. തോമസ് ആല്‍വാ എഡിസണാണ് അനിമേഷന്‍ സാങ്കേതിക വിദ്യയ്ക്കു തുടക്കമിട്ടത്.
അനിമേഷന്‍ ലോകത്തേക്ക്
ഓടുന്നതിന് മുമ്പ് നടക്കാന്‍ പഠിക്കുന്നതു പോലെ അനിമേഷന്‍ പഠിക്കുന്നതിന് മുമ്പ് ചിത്രരചന പഠിക്കണം." -മലപ്പുറത്ത് കുട്ടികളുടെ അനിമേഷന്‍ പരിശീലനക്കളരിക്ക് തുടക്കം കുറിച്ച് പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയുടെ സ്രഷ്ടാവ് ടോംസ്, പരിശീലനത്തിനെത്തിയ കുട്ടി അനിമേറ്റര്‍മാരെ ഓര്‍മ്മിപ്പിച്ചു. വരയ്ക്കാനുള്ള കഴിവാണ് അനിമേറ്ററുടെ അടിസ്ഥാന യോഗ്യത. നന്നായി വരക്കുന്നവര്‍ക്ക് അനിമേഷന്‍ ലോകത്ത് ഉയരങ്ങളിലെത്താം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ഐടി സ്കൂള്‍ പ്രൊജക്ട് നടപ്പാക്കുന്ന പരിശീലന പരിപാടിയാണ് "ആന്റ്സ്" (animation training for students). താത്പര്യമുള്ള കൂട്ടുകാര്‍ സ്കൂളിലെ ഐ ടി ക്ലബ്ബിന്റെ ചുമതലയുള്ള ഐടി കോര്‍ഡിനേറ്ററെ കാണുമല്ലോ. അടുത്ത അവധിക്കാലത്ത് നിങ്ങള്‍ക്ക് അവസരം ലഭിക്കും.
കാര്‍ട്ടൂണ്‍ കഥാപാത്രം ജനിക്കുന്നു
"അനിമ" (anima) എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം ആത്മാവ് എന്നാണ്. ''animate'' എന്ന വാക്കിന്റെ അര്‍ത്ഥം ജീവന്‍ നല്‍കുക എന്നും. ഒരര്‍ത്ഥത്തില്‍ ഓരോ അനിമേറ്ററും സൃഷ്ടിക്കുന്നത് ജീവിതത്തിന്റെയും പ്രകൃതിയുടെയും എല്ലാ ഭാവങ്ങളുമുള്ള കഥാപാത്രങ്ങളെയാണ്. ഒരു കാര്‍ട്ടൂണ്‍ അനിമേഷന്റെ പിറവിക്ക് പിന്നില്‍ കഥ കണ്ടെത്തുക, തിരക്കഥ തയ്യാറാക്കുക, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കുക, കഥാപാത്രങ്ങളെ വരയ്ക്കുക, അവയെ അനിമേറ്റ് ചെയ്യുക, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സിനിമയ്ക്ക് സംഗീതവും നല്‍കുക, എഡിറ്റ് ചെയ്യുക തുടങ്ങി നിരവധി ഘട്ടങ്ങളുണ്ട്. അനിമേഷന്‍ രംഗത്ത് നിലവില്‍ ഉപയോഗിക്കപ്പെടുന്ന വാണിജ്യ കുത്തക സോഫ്റ്റ്വെയറുകള്‍ ചെലവേറിയവയാണ്. മുന്തിയ സ്ഥാപനങ്ങളില്‍ ആയിരങ്ങള്‍ മുടക്കിയുള്ള പരിശീലനം എല്ലാവര്‍ക്കും കഴിയാറില്ലല്ലോ. ഇവിടെയാണ് പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലധിഷ്ഠിതമായ ഈ പരിശീലന പദ്ധതിക്ക് ഐടി@ സ്കൂള്‍ തയ്യാറായിട്ടുള്ളത്. നാലു സ്വതന്ത്ര സോഫ്റ്റ്വെയറുകളാണ് പരിശീലനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കാനായി ജിമ്പ് (gimp) അവയെ ചലിപ്പിക്കാന്‍ കെ ടൂണ്‍സ് (k toons) കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ഒഡാസിറ്റി (audacity) വീഡിയോ എഡിറ്റ് ചെയ്യാന്‍ ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍
സ്റ്റോറി ബോര്‍ഡ്
അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റോറി ബോര്‍ഡ് തയ്യാറാക്കണം. (രണ്ടാം പേജിലെ സ്റ്റോറി ബോര്‍ഡിന്റെ മാതൃക ശ്രദ്ധിക്കുക.) അനിമേഷന്‍ സിനിമാ നിര്‍മ്മാണത്തിലെ പ്രധാന ഘട്ടങ്ങളിലൊന്നാണിത്. കഥാപാത്രങ്ങളുടെ ചലനങ്ങളും ആശയങ്ങളും മാത്രമല്ല രൂപവും വേഷവും ഒക്കെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സ്റ്റോറി ബോര്‍ഡ് തുണയാവും. വിശദമായ ഒരു സ്റ്റോറി ബോര്‍ഡില്‍ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം, ലൈറ്റിങ് തുടങ്ങി നല്‍കേണ്ടുന്ന സംഗീതത്തിന്റെ വിശദാംശങ്ങള്‍ വരെയുണ്ടാവും.
കെ ടൂണ്‍സ്
വരകള്‍ക്ക് വര്‍ണവും ചലനവും നല്‍കാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറാണ് കെ ടൂണ്‍സ്. പരിമിതികള്‍ ഉണ്ടെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെയേ അവയെ മറികടക്കാനാവൂ. കെ ടൂണ്‍ ജാലകത്തില്‍ ചിത്രം വരഞ്ഞ് അനിമേഷന്‍ നല്‍കി പ്രോജക്ട് സേവ് ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ . മികച്ച എഡിറ്റിങ് ഉപകരണങ്ങളിലൊന്നായ ജിമ്പ് (ഇമേജ് മാനിപുലേഷന്‍ പ്രോഗ്രാം) നന്നായി ഉപയോഗിച്ചു ശീലിക്കുന്നത് ഈ ഘട്ടത്തില്‍ നമുക്ക് ഗുണം ചെയ്യും. (എട്ടും ഒമ്പതും ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്തു ശീലിക്കുക) ടൂളുകളോരോന്നിന്റെയും ശരിയായ ഉപയോഗം മനസ്സിലാക്കണം.
ബിഗ്ബക്ക് ബണ്ണി
പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ നിര്‍മ്മിച്ച ഈ അനിമേഷന്‍ ചിത്രം ബ്ലെന്‍ഡര്‍ ഫൗണ്ടേഷ ന്റേതാണ്. "പീച്ച്" എന്നു വിളിപ്പേരുള്ള ഒരു തടിയന്‍ മുയലിന്റേയും പെരുച്ചാഴിക്കൂട്ടത്തിന്റെയും കഥ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു. "എലിഫന്റ്സ് ഡ്രീം" എന്ന മറ്റൊരു അനിമേഷന്‍ ചിത്രവും "യോഫ്രാങ്കി" എന്നൊരു സ്വതന്ത്ര കംപ്യൂട്ടര്‍ ഗെയിമും ബ്ലെന്‍ഡര്‍ കൂട്ടായ്മയുടേതായിട്ടുണ്ട്. ചിത്രങ്ങള്‍ രണ്ടും ഐടി സ്കൂള്‍ ഒമ്പതാം ക്ലാസ് ഡിവിഡിയിലുണ്ട്.
ഒഡാസിറ്റി
ചിത്രം വരഞ്ഞ് അനിമേഷന്‍ നല്‍കിക്കഴിഞ്ഞാല്‍ അവയ്ക്ക് ഉചിതമായ ശബ്ദവും സംഗീതവും നല്‍കാന്‍ ഉപകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറാണ് ഒഡാസിറ്റി. മികച്ച ഫലം തരുന്ന സൗണ്ട് എഡിറ്റിങ് സോഫ്റ്റ്വെയറാണിത്. നിലവാരമുള്ള മൈക്ക് കൂടി ഉപയോഗിച്ചാല്‍ സംഭാഷണങ്ങള്‍ ആകര്‍ഷകമായ നിലയില്‍ റെക്കോര്‍ഡ് ചെയ്യുകയുമാവാം.
ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍
കെ ടൂണ്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ഫയലുകളും ഒഡാസിറ്റി ഉപയോഗിച്ച് തയ്യാറാക്കിയ ശബ്ദഫയലുകളും ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ക്രമീകരിക്കാം. ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററും ഒഡാസിറ്റിയും കൂടുതല്‍ മനസ്സിലാക്കാന്‍ ഒമ്പതാം ക്ലാസിലെ ഐടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ നോക്കുക.( അദ്ധ്യായം ഏഴ്- ശബ്ദലേഖനം നമ്മുടെ കംപ്യൂട്ടറില്‍ , അദ്ധ്യായം ഒമ്പത്- സ്റ്റാര്‍ട്ട് ആക്ഷന്‍ ....) ഈ വര്‍ഷം ഒമ്പതാം ക്ലാസ് ഐടി പഠനവുമായി ബന്ധപ്പെട്ട് ഐടി സ്കൂള്‍ തയ്യാറാക്കി എല്ലാ സ്കൂളുകള്‍ക്കും നല്‍കിയിട്ടുള്ള എഡ്യുബുണ്ടു 10.04 എന്ന ഡിവിഡിയില്‍ മുകളില്‍ പറഞ്ഞിട്ടുള്ള സോഫ്റ്റ്വെയറുകളെല്ലാമുണ്ട്. അതിനോടൊപ്പമുള്ള റിസോര്‍സ് ഡിവിഡിയില്‍ ഒഡാസിറ്റി- ഓപ്പണ്‍ഷോട്ട് പരിശീലനത്തിനുള്ള ക്ലിപ്പുകളും ഉണ്ട്.
വാള്‍ട്ട്ഡിസ്നി
അനിമേഷന്റെ എല്ലാ മേഖലകളിലും തനതുമുദ്ര പതിപ്പിച്ച കലാകാരനാണ് വാള്‍ട്ട് ഡിസ്നി. മിക്കിമൗസും ഡൊണാള്‍ഡ് ഡക്കും ഉള്‍പ്പെ ടെ നൂറുകണക്കിന് അനശ്വര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഡിസ്നി ചിത്രങ്ങള്‍ 59 തവണയാണ് ഓസ്കാര്‍ അവാര്‍ഡ് ശുപാര്‍ശ ചെയ്യപ്പെട്ടത്. 26 തവണ അദ്ദേഹത്തിന് ഓസ്കാര്‍ പുരസ്കാരം ലഭിച്ചു. ഏറ്റവുമധികം ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങളും പുരസ്കാരങ്ങളും നേടിയ വ്യക്തിയെന്ന റെക്കോര്‍ഡും ഡിസ്നിക്ക് സ്വന്തമാണ്.
സഹായക വെബ്സൈറ്റുകള്‍
www.ktoon.net
www.gimp.org
www.audacity.sourceforge.net
www.openshotvideo.com
www.mathematicsschool. blogspot/2011/09/animation -lesson-3.html